കൊച്ചി:മതവിദ്വേഷം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പീസ് എഡ്യൂക്കേഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അക്ബറിനെ കേരളത്തിലെത്തിച്ചു. രാത്രി വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ച ശേഷം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നേതൃത്വത്തില്‍ അക്ബറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി.
ഇന്തോനേഷ്യയില്‍നിന്ന് ദോഹയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ഹൈദരാബാദ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. തുടര്‍ന്ന് കേരള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഫൗണ്ടേഷന്റെ കീഴിലുള്ള കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിച്ചെന്ന കേസില്‍ എം.എം. അക്ബറിനെതിരെ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുകയായിരുന്നു ഇയാള്‍.
സ്‌കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ ‘നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക’ എന്ന പാഠഭാഗം ആണ് വിവാദമായത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സ്‌കൂള്‍ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ മേധാവി, കണ്ടന്റ് എഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് നേരത്തെ എറണാകുളത്ത് എത്തിച്ച് ചോദ്യംചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ഉണ്ടായിരുന്നു.
ഈ പാഠഭാഗം അനുചിതമാണെന്നു കണ്ടു അത് പഠിപ്പിക്കേണ്ടതില്ല എന്ന് അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് എം.എം അക്ബര്‍ കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തിന് വിശദീകരണം നല്‍കിയിരുന്നത്. കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് എം.എം അക്ബര്‍ ഉള്‍പ്പെടെയുള്ള പീസ് സ്‌കൂള്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ത്തത്.