ലണ്ടന്‍: നിലവില്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകള്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ഫലപ്രദമാകില്ലെന്ന് അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണയുടെ മേധാവി സ്‌റ്റെഫേന്‍ ബാന്‍സല്‍.
ഒമിക്രോണ്‍ വൈറസിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മാത്രമേ ഇതിന് അനുയോജ്യമായ വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സ്‌റ്റെഫേന്‍ വ്യക്തമാക്കി. വിവരങ്ങള്‍ ശേഖരിക്കാന്‍ തന്നെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നും ഒമിക്രോണ്‍ വൈറസിനെതിരായ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ വീണ്ടും നിരവധി മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വൈറസ് മുമ്പ് ഡെല്‍റ്റ വൈറസ് ആയി വകഭേദം പ്രാപിച്ചപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴെന്നും ഡെല്‍റ്റയ്‌ക്കെതിരെ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമായിരുന്നെങ്കില്‍ ആ ഉറപ്പ് ഒമിക്രോണിന്റെ കാര്യത്തില്‍ നല്‍കാന്‍ സാധിക്കില്ലെന്നും സ്‌റ്റെഫേന്‍ പറഞ്ഞു.
അതേസമയം മൊഡേണയുടെ നിലവിലുള്ള എല്ലാ ഉത്പാദനവും ഒമിക്രോണിനെതിരായ വാക്‌സിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് മണ്ടത്തരമാകുമെന്നും കൊവിഡിന്റെ മറ്റ് വകഭേദങ്ങള്‍ക്കെതിരായ വാക്‌സിന്‍ നിര്‍മാണത്തെ ഇത് പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നും സ്‌റ്റെഫേന്‍ ചൂണ്ടികാണിച്ചു. ഒമിക്രോണിനെതിരായ വാക്‌സിന്‍ എത്തുന്നത് വരെ മുതിര്‍ന്നവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും കൊവിഡ് വാക്‌സിന്റെ തന്നെ ഒരു ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് പരിഗണിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.