കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു; യുവതി പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കുറ്റക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊന്‍കുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഉച്ചയ്ക്ക് 2 മണിയോടെയാണ് സുലുവും ബന്ധുവായ സ്ത്രീയും സഞ്ചരിച്ചിരുന്ന കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയത്. തുടര്‍ന്ന് വെസ് ജീവനക്കാരോട് തട്ടിക്കയറിയ സുലു കാറിലെ ജാക്കി ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകള്‍ തകര്‍ക്കുകയായിരുന്നു. ബസ് കാറില്‍ തട്ടിയപ്പോള്‍ ഉണ്ടായ വൈകാരിക വിക്ഷോഭത്തില്‍ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നല്‍കി.

ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നല്‍കി പ്രശ്‌നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും, കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീര്‍പ്പിന് കെഎസ്ആര്‍ടിസി തയ്യാറായില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.

Top