തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 3,000 രൂപയില്‍ നിന്നും 4,000 രൂപയായും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,500 രൂപയില്‍ നിന്നും 2,000 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, നിലവിലെ 60: 30: 10 രീതിയില്‍ കേന്ദ്ര സംസ്ഥാന എന്‍.ജി.ഒ. വിഹിതം അനുസരിച്ചാണ് ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹോണറേറിയത്തിന്റെ 60 ശതമാനമാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചു വരുന്നത്. ഇപ്പോള്‍ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 86.22 ലക്ഷം രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 479 ക്രഷുകളിലെ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷുകളുടെ പ്രവര്‍ത്തനത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനുമായി 10.35 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. സംഘടിത, അസംഘടിത മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സുരക്ഷിതമായി പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ക്രഷുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.