‘വകുപ്പുതല നിര്‍ദേശങ്ങള്‍ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നു’: ‘ചീഫ് സെക്രട്ടറിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യവകുപ്പ്

ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി പൊതുജനങ്ങള്‍ക്ക് അതിവേഗ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു നല്‍കുന്ന നിര്‍ദേശങ്ങള്‍ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ്.

വരുന്ന ഓഗസ്റ്റോടെ ആരോഗ്യ വകുപ്പില്‍ പൂര്‍ണമായും ഇഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ഡയറക്ടറേറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇഓഫിസ്, സ്പാര്‍ക്ക് വഴിയുള്ള ജീവനക്കാര്യം, പഞ്ചിങ്, ഓണ്‍ലൈന്‍ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, സീനിയോരിറ്റി പട്ടിക തയാറാക്കല്‍, അവധി ക്രമപ്പെടുത്തല്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ജീവനക്കാരുടെ പരാതികള്‍, അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ തുടങ്ങിയവ ലഘൂകരിക്കുന്നതിനുള്ള വകുപ്പുതല നിര്‍ദേശങ്ങളും ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ട്. ജീവനക്കാരുടെ പ്രവര്‍ത്തനവീര്യം കെടുത്തുന്ന യാതൊരു നിര്‍ദേശങ്ങളും ഇതിന്റെ ഭാഗമായി നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അഭിപ്രായവും ആരായേണ്ടതായിരുന്നെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിച്ചു.
ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും പ്രശംസകള്‍ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് നിപ്പ, കൊവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആര്‍ദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയുമാണ്. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനു സംസ്ഥാനം സ്വീകരിച്ച നടപടികളെ രാജ്യസഭാസമിതി പ്രശംസിച്ച കാര്യവും വകുപ്പ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Top