തിരുവനന്തപുരം : കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത കേക്കും മധുര പലഹാരങ്ങളും വില്‍പന നടത്തുന്നതിനെതിരേ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്.
ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനു മന്ത്രി നിര്‍ദേശം നല്‍കി.
ബേക്കറികള്‍, ബോര്‍മകള്‍, കേക്ക്, വൈന്‍ നിര്‍മാണ യൂണിറ്റുകള്‍, ഹോംമേഡ് കേക്കുകള്‍, മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഉറപ്പും ലക്ഷ്യമാക്കിയുള്ള പരിശോധനകള്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനായി സംസ്ഥാന വ്യാപകമായി 38 സ്‌പെഷല്‍ സ്‌ക്വാഡുകളെ ഇതിനായി ചുമതലപ്പെടുത്തി. പിഴ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും പ്രത്യേകം ചുമതലപ്പെടുത്തിയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ക്രിസ്മസ്, പുതുവര്‍ഷ സീസണ്‍ അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്.