തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ ആരോഗ്യ വകുപ്പ് പിന്‍വലിച്ചു. ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിന് വിലക്കേര്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഡയറക്ടറാണ് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാകാതെയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനു തടസ്സം സൃഷ്ടിക്കാതെയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയാല്‍ ചട്ടലംഘനങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ചാനല്‍ തുടങ്ങിയാല്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് എത്തുകയും വീഡിയോകള്‍ കൂടുതല്‍ ആളുകള്‍ കാണുകയും ചെയ്താല്‍ പരസ്യ വരുമാനം ഉള്‍പ്പെടെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഇത് 1960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 48 ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും പിന്‍വലിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു.