ന്യൂഡല്‍ഹി: രാജ്യത്ത് ഏപ്രില്‍, മേയ് മാസങ്ങളേക്കാള്‍ മോശമായ അവസ്ഥയായിരിക്കും കോവിഡ് രോഗികളുടെ എണ്ണം ജൂണിലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
രണ്ടു മാസമായി തുടരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയും പ്രവാസികളുടെയും അതിഥിതൊഴിലാളികളുടെയും മടക്കം ഊര്‍ജിതമായതോടെയുമാണു രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്.പരിശോധനയുടെ എണ്ണം വര്‍ധിച്ചതും വ്യവസായിക പ്രവര്‍ത്തനങ്ങള്‍ കൂടിയതും രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ബിഹാറിലെ കെയര്‍ ഇന്ത്യ ടീം ലീഡും പകര്‍ച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ തന്മയി മഹാപത്ര പറഞ്ഞു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം പുലര്‍ത്തുന്നതിനു പുറമേ റാന്‍ഡം ടെസ്റ്റിങ് വര്‍ധിപ്പിച്ച് ലക്ഷണങ്ങളില്ലാത്ത രോഗവ്യാപനം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.