ന്യൂഡല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കണമെന്ന് ഐ ആര്‍ ഡി എ ഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതത്തെയും വസ്തുവകകളെയും ഗുരുതരമായി ബാധിച്ച സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിലെയും, തമിഴ് നാട്ടിലെയും സെപ്റ്റംബര്‍ 30 വരെ പുതുക്കാനുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും രണ്ട് മാസത്തെ ആനുകൂല്യം നല്‍കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.
2018 ഓഗസ്റ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ വിതരണത്തിനായി ശേഖരിച്ച നിക്ഷേപങ്ങള്‍/പ്രീമിയങ്ങള്‍ എന്നിവ സംബന്ധിച്ചും സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്തരം നിക്ഷേപങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പോളിസികളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയാത്തതിനാല്‍ 2018 സെപ്റ്റംബര്‍ 30 വരെ അതിനുള്ള സമയം അനുവദിച്ചിട്ടുണ്ട്.