ആരോഗ്യ കേരളം പദ്ധതി: 4 പേർക്ക് പിൻവാതിൽ നിയമനം നൽകിയെന്ന് സരിത

തിരുവനന്തപുരം: സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്കു താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നു സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ. നെയ്യാറ്റിൻകരയിൽ ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പിന് ഇരയായ അരുൺ എന്ന പരാതിക്കാരനുമായി നടത്തിയ ഫോൺ സംഭാഷണമാണു പുറത്തു വന്നത്.

നിയമനങ്ങൾക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണു ധാരണയെന്നും സരിത ഫോൺ സംഭാഷണത്തിൽ പറയുന്നു.

ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്റെ കൈവശം ഇതുണ്ടെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരെ നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.

കെടിഡിസിയിലും ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ 2 യുവാക്കളിൽ നിന്നു സരിതയും കൂട്ടരും 14 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണു പരാതി. പണം നൽകിയിട്ടും ജോലി കിട്ടാതായത്അന്വേഷിച്ചപ്പോൾ അരുണിനോടു സരിത ഫോണിൽ പറയുന്നതാണ് ശബ്ദരേഖ.

സരിതയ്ക്കും ഇടനിലക്കാരനായ രതീഷ്, ഷൈജു പാലോട് എന്നിവർക്കെതിരെ കേസെടുത്തിട്ടും അറസ്റ്റുണ്ടായില്ല.

Top