മര്‍ദ്ദനമേറ്റ മൂന്നു വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക സംഘം എത്തുന്നു. . .

കൊച്ചി: അമ്മയുടെ മര്‍ദ്ദനമേറ്റ മൂന്നു വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക സംഘം എത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിദഗ്ധ സംഘം എത്തുന്നത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവത്തില്‍ അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയ്ക്ക് പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയുന്നതിന് മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് അമ്മ കുറ്റ സമ്മതം നടത്തിയത്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ 3 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായിരുന്നു. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പരിശോധനയ്ക്ക് വിദഗ്ധ സംഘം എത്തുന്നത്.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തുകയായിരുന്നു.

Top