തിരുവനന്തപുരം: ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു അവശ്യസേവനമാണു ഡോക്ടര്‍മാരുടേതെന്നും അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ പണിമുടക്കി സമരം നടത്തുന്നതിനോടു യോജിപ്പില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ബംഗാളില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരം നടത്തുന്നതിനോടു പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
സേവനം തടസപ്പെടുത്തി പണിമുടക്കിലേക്കു പോവുന്നവരല്ല കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ എന്നതാണനുഭവം. കേരളത്തിലെ ഡോക്ടര്‍മാര്‍ അത്തരമൊരു പണിമുടക്കിലേക്കു പോവില്ലെന്നാണു കരുതുന്നതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.
അവകാശം സംരക്ഷണം മറ്റെല്ലാവര്‍ക്കും എന്ന പോലെ ഡോക്ടര്‍മാര്‍ക്കും വേണ്ടതാണ്. അതിനായി ഒരു ദിവസത്തെ സൂചനാ സമരമൊക്കെ നടത്താമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.