സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും മികച്ച ഹൃദ്രോഹ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും മികച്ച ഹൃദ്രോഹ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

മെഡിക്കല്‍ കോളേജുകളെ ഇതിനായി സുസജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ലോക ഹൃദയദിനം 2017ന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദ്രോഹം കണ്ടെത്തിയാല്‍ മതിയായ ചികിത്സ തേടേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികളിലെ ഹൃദ്രോഹം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനായി പ്രത്യേക പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു.

ജന്മനായുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിനായും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് 18 വയസിന് താഴെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതിനായി സ്വകാര്യ ആശുപത്രികളേയും സഹകരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top