രോഗിയെ എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തേടി

kk-shailajaaaa

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വിശദീകരണം തേടി.

എലിയുടെ കടിയേറ്റ രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കാനും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി. കരാറെടുത്ത ഏജന്‍സിയെക്കൊണ്ട് എലി, മൂട്ട, മറ്റ് പ്രാണികള്‍ എന്നിവയെ നശിപ്പിക്കുന്നതിന് അടിയന്തിര നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ കരുകോണ്‍ ഇരുവേലിക്കല്‍ രാജ് വിലാസത്തില്‍ രാജേഷിനാണ് (27) എലിയുടെ കടിയില്‍ പരുക്കേറ്റത്. കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിക്കുന്നത്.

ഇടതുകാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുന്‍പു കടിയേറ്റത്. മരവിച്ചിരിക്കുന്ന കാലില്‍ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. ഇന്നലെ രാത്രിയാണു രണ്ടു വിരലുകളിലും വീണ്ടും എലി കടിച്ചത്.

Top