കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പേമാരിയെയും കോവിഡിനെയും അവഗണിച്ചായിരുന്നു കരിപ്പൂരില്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ കോവിഡിനെ മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി.

രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഈ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.

Top