ഷിഗല്ല രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ: കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരന്‍ നാല് ദിവസം മുന്‍പ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിച്ചിരുന്നു.ആശുപത്രി മാനേജ്‌മെന്റുകളുമായി എസ്എച്ച്എ ചര്‍ച്ച നടത്തുന്നുണ്ട്. ആദ്യം ബില്ല് നല്‍കുന്നവര്‍ക്ക് ആദ്യം പണം നല്‍കുന്ന നിലയില്‍ ആണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി മനസിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കാരുണ്യ ചികിത്സ ഫണ്ടിന് ഒരു രൂപ പോലും കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വിഹിതത്തിന്റെ 60% തുകയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടിയിരുന്നത്. ഡയാലിസിസ് രോഗികള്‍ക്കായി നാലര കോടി രൂപ വീണ്ടും സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് കൂടുതല്‍ ഫണ്ട് കൊടുക്കാനുള്ളത്. സ്വകാര്യ ആശുപത്രികള്‍ക്ക് 200 കോടിയില്‍ പരം രൂപയാണ് നല്‍കാനുള്ളത്. പണം ഉണ്ടായിട്ട് കൊടുക്കാതിരിക്കുകയല്ല. സംസ്ഥാനം അധിക ഫണ്ട് കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്. പദ്ധതികള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.

ചികിത്സാ പിഴവിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി ആശാ ശരത്തിന്റെ മരണം വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിഎച്ച്എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഎംഇയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top