ഈനാംപേച്ചിക്ക് മരപ്പട്ടിയല്ല, കൂട്ട് മനുഷ്യർ തന്നെ, വൈറസ് വന്ന വഴി !

ബീജിംഗ്: കൊറോണ ബാധിച്ച് ആളുകള്‍ മരണത്തിന് കീഴടങ്ങുമ്പോള്‍, വൈറസിന്റെ ഉറവിടത്തെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. പാമ്പില്‍ നിന്നും വൈറസ് പടര്‍ന്നു എന്നായിരുന്നു ആദ്യം സംശയം ഉയര്‍ന്നിരുന്നതെങ്കിലും പിന്നീട് വവ്വാലിലും ഒടുവില്‍ ഈനാംപേച്ചിയിലുമാണ് സംശയം എത്തി നില്‍ക്കുന്നത്.

ചൈനയിലെ വുഹാന്‍ എന്ന നഗരത്തിലെ ഒരു മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭക്ഷണത്തിനുപയോഗിക്കുന്ന പല വന്യജീവികളേയും ജീവനോടെ തന്നെ വില്‍പനയ്ക്ക് വയ്ക്കുന്ന മാര്‍ക്കറ്റാണിത്. വവ്വാലാണ് ഇതിന്റെ ഉറവിടമെന്ന് ഒരുകൂട്ടം ഗവേഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികളാണെന്നാണ് ഇപ്പോള്‍ ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തില്‍ ഈനാംപേച്ചിയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടന മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയിരിക്കുന്നത്.

അതേസമയം വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധിച്ചു മരിക്കുകയും തുടര്‍ന്ന് സര്‍ക്കാരിനെതിരെ ജനരോഷം കടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് രാജ്യത്ത് ഇന്റര്‍നെറ്റില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ലീ വെന്‍ലിയാങ്ങിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വൈറസിന്റെ ഉറവിടം ഏത് ജീവിയാണെന്ന് അദ്ദേഹം സ്ഥരീകരിച്ചിട്ടില്ലായിരുന്നു.

അതേസമയം ചൈനയില്‍ മരിച്ചവരുടെ എണ്ണം 722 ആയി ഉയര്‍ന്നു. വുഹാനില്‍ ചികിത്സയിലായിരുന്ന അറുപതുകാരനായ അമേരിക്കകാരനും മരിച്ചു. ചൈനയില്‍ കൊറോണ വൈറസ് മൂലം മരിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം. ബെയ്ജിങ്ങിലെ യുഎസ് എംബസിയാണ് മരണം സ്ഥിരീകരിച്ചത്.

Top