ശബരിമല സീസോണോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ വിപുലമാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിനോടൊപ്പം പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രാധാന്യം നൽകും. ഏതെങ്കിലും പകർച്ചവ്യാധി കണ്ടെത്തിയാൽ സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും, ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് മുന്നറിയിപ്പില്ലാതെ പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങിയ 4 ജില്ലകളിലെ ജില്ലാ സർവെയലൻസ് ഓഫീസർമാർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ എന്നിവരടങ്ങുന്നവരായിരിക്കും ടീം. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്കായിരിക്കും ചുമതല. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കും. എല്ലാ പ്രധാന ഭാഷകളിലും അവബോധം നടത്താനും മന്ത്രി നിർദേശം നൽകി.

പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികൾ നവംബർ 1 മുതൽ പ്രവർത്തിച്ചു വരുകയാണ്. ബാക്കിയുള്ളവ നവംബർ 15 മുതൽ പ്രവർത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റർ, കാർഡിയാക് മോണിറ്റർ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂർണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിക്കും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ താത്ക്കാലിക ഡിസ്പെൻസറി നവംബർ 15 മുതൽ പ്രവർത്തിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നതാണ്. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയിൽ 4 എമർജൻസി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്സ്‌റ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുന്നുവെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

അടൂർ ജനറൽ ആശുപത്രിയിലും, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശബരിമല പ്രത്യേക വാർഡ് സജ്ജമാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തിക്കും. ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂർ തുടങ്ങി 15 ഓളം ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സമയബന്ധിതമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണ്. മരുന്നുകളുടെ ലഭ്യതയും ആംബുലൻസുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ കൺട്രോൾ റൂം സ്ഥാപിക്കും.

ആയുഷ് മേഖലയിൽ നിന്ന് മെഡിക്കൽ ഓഫീസർമാരുടേയും മറ്റ് ജീവനക്കാരുടേയും സേവനംഉറപ്പാക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, പത്തനംതിട്ട ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Top