രാജ്യത്ത് ആരോഗ്യ വളര്‍ച്ചയിൽ കേരളം ഒന്നാമത് ; റിപ്പോർട്ടുമായി നീതി ആയോഗ്

niti-aayog-report

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആരോഗ്യ വളര്‍ച്ചയിൽ മികച്ച നേട്ടം കൈവരിച്ചതിന് കേരളത്തിന് ഒന്നാം സ്ഥാനം. ആരോഗ്യ പരിരക്ഷ നല്‍കുന്നതിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടിക നീതി ആയോഗാണ് പുറത്തുവിട്ടത്.

നീതി ആയോഗിന്റെ പട്ടികയിൽ ആരോഗ്യ രംഗത്തെ സമഗ്ര വളര്‍ച്ച നേടിയ വലിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളം നേടിയപ്പോൾ പഞ്ചാബും തമിഴ്നാടുമാണ് തൊട്ടുപിന്നില്‍ ഉള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെയും വേള്‍ഡ് ബാങ്കിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയിലെ വളര്‍ച്ച സംബന്ധിച്ച പട്ടിക തയാറാക്കുന്നത്.

സംസ്ഥാനങ്ങള്‍ ഓരോ വര്‍ഷവും കൈവരിക്കുന്ന വര്‍ദ്ധനവ് പരിശോധിച്ച്‌ ആരോഗ്യ മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് വ്യക്തമാക്കി.

ഒരു വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയതില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയത് ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. ചെറിയ സംസ്ഥാനങ്ങളിലെ സമഗ്ര വളര്‍ച്ചയില്‍ ഒന്നാംസ്ഥാനം മിസോറാമിനാണ്. തൊട്ടുപിന്നില്‍ മണിപ്പൂരുണ്ട്. വാര്‍ഷിക വളര്‍ച്ചയില്‍ ഗോവയ്ക്ക് പിന്നില്‍ മണിപ്പൂരിനാണ് ഒന്നാം സ്ഥാനം. കേന്ദ്രഭരണ പ്രദേശങ്ങളുടെ കാര്യത്തില്‍ ലക്ഷദ്വീപാണ് ഇരുവിഭാഗത്തിലും ഒന്നാംസ്ഥാനത്തെത്തിയത്.

എന്നാൽ സമഗ്ര മികവിനു കേരളം മുന്നിൽ എത്തിയെങ്കിലും ചില മേഖലകളിൽ പിന്നിലായെന്നു റിപ്പോർട്ടിൽ‌ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയിൽ കേരളം മെച്ചപ്പെടാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Top