ദോഹ: ഖത്തര്‍ ആരോഗ്യസംരക്ഷണ മേഖലയില്‍ ലൈസന്‍സ് ലഭിക്കുന്നതിനും പുതുക്കുന്നതിനും സമയപരിധി കുറച്ചു. ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണേഴ്‌സ്(ക്യുസിഎച്ച്പി) ലൈസന്‍സ് ലഭിക്കുന്നതിന് ഇനി മുതല്‍ ക്യുസിഎച്ച്പി റജിസ്‌ട്രേഷനു അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ലൈസന്‍സ് ലഭിക്കുന്നതാണ്. ഖത്തറിലെ ആരോഗ്യസംരക്ഷണ മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ക്യുസിഎച്ച്പി ലൈസന്‍സ് നിര്‍ബന്ധമാണ്.
പരിശോധനയില്‍ വിവരങ്ങള്‍ തൃപ്തികരമാണെന്നു കണ്ടാല്‍ 10 പ്രവൃത്തി ദിവസത്തിനകം ലൈസന്‍സ് നല്‍കുകയും ചെയ്യും. ഇപ്പോള്‍ ലൈസന്‍സ് നല്‍കാന്‍ 20 ദിവസം എടുക്കും. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ലൈസന്‍സ് ലഭിക്കും. നേരത്തേ ഇതിനു 15 ദിവസം എടുത്തിരുന്നു. അടുത്ത ഏതാനും മാസത്തിനുള്ളില്‍ അപേക്ഷ ലഭിച്ച് ഏഴുദിവസത്തിനകം ലൈസന്‍സ് ലഭ്യമാക്കുന്ന ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ക്യുസിഎച്ച്പി വ്യക്തമാക്കി.