കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ അടുത്ത മാസം ആദ്യവാരം മുതല്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതിമുറിയില്‍ വാദംകേള്‍ക്കല്‍.

ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കോടതിമുറിയില്‍ വാദം കേള്‍ക്കല്‍ പുനരാംഭിക്കാനുള്ള ശുപാര്‍ശ ചീഫ് ജസ്റ്റിസിന് കൈമാറിയത്.

ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ കോടതിമുറിയില്‍ വാദംകേള്‍ക്കാം എന്ന ശുപാര്‍ശ ആണ് ഏഴ്അംഗ സമിതി നല്‍കിയിരിക്കുന്നത്. നാലോ അഞ്ചോ കോടതിമുറികളില്‍ മാത്രമാകും വാദംകേള്‍ക്കല്‍ നടക്കുക. വധശിക്ഷയ്ക്കും ജീവപര്യന്തം ശിക്ഷകള്‍ക്കും എതിരായ അപ്പീലുകള്‍, വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എന്നിവയാകും ആദ്യഘട്ടത്തില്‍ കോടതിമുറിയില്‍ വാദംകേള്‍ക്കുക. മറ്റു കേസുകള്‍ വിഡിയോ കോണ്‍ഫെറെന്‍സിലൂടെ വാദംകേള്‍ക്കുന്നത് തുടരും.

കോടതി മുറിയിലെ വാദംകേള്‍ക്കല്‍ പുനരാംഭിക്കുന്നത് സംബന്ധിച്ച് ഇന്നലെ ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള സമിതി അഭിഭാഷക സംഘടനാ നേതാക്കളുമായി ചര്‍ച്ചനടത്തിയിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി തടസ്സപ്പെട്ടിരിക്കുന്ന കോടതിമുറിയിലെ വാദം പുനരാരംഭിക്കണമെന്ന് ദുഷ്യന്ത് ദാവെ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ജഡ്ജിമാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Top