ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇസ്‌ലാമാബാദില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം എല്ലാവരുടെയും പൊതുശത്രുവാണ്. ഈ ഭീഷണിക്കെതിരെ നമ്മളെല്ലാം ഒരുമിച്ച് നിന്ന് പൊരുതേണ്ടതുണ്ട് ഷെരീഫ് പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായുള്ള സമാധാനപരമായ സഹവര്‍ത്തിത്ത്വമാണ് പാകിസ്താന്റെ വിദേശനയത്തിലെ കാതലായ ഭാഗം. സമാധാനമാണ് വികസനത്തിന്റെ മര്‍മമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു ഷെരീഫ് പറഞ്ഞു.
പ്രാദേശിക വികസനം, സുരക്ഷ, ജീവിത നിലവാരം, സാമ്പത്തിക വളര്‍ച്ച എന്നിവയെ പ്രതിഫലിപ്പിക്കുന്നതാകണം ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനമെന്ന് നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പാക് പ്രധാനമന്ത്രിയുമായും സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തും.