ഒട്ടാവ: ഇന്നു ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം.
മനുഷ്യരുടെ പ്രവൃത്തിയുടെ ഫലമാണ് കാലാവസ്ഥായിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾക്ക് കാരണം.
ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം കാരണം വലിയൊരു ദുരിതം ഭൂമിയിൽ ഉണ്ടാകാൻ പോകുന്നുവെന്നതിന്റെ ചില സൂചനകൾ പ്രകൃതി നൽകിത്തുടങ്ങി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായ ഒരു ധ്രുവക്കരടിയുടെ വീഡിയോ, കാത്തിരിക്കുന്ന വലിയ വിപത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു സൂചകമാണ്.
രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയാണ് വീഡിയോയിലുള്ളത്. മരണാസന്നനായ കരടി നടക്കാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുകയാണ്.
ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി, ഒരു മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ത്തടഞ്ഞ എന്തോ വസ്തു കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടാതെ കരടി ഒരു നായയെപ്പോലെ മെലിഞ്ഞുണങ്ങിയിരിക്കുന്നു.
നാഷണല്‍ ജ്യോഗ്രഫിക് മാഗസിനുവേണ്ടി ചിത്രങ്ങളെടുക്കുന്ന പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന് ചിത്രീകരിച്ചതാണ് ഈ വീഡിയോ.
കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്ലിന് ഈ ദൃശ്യം ചിത്രീകരിച്ചത്.
മഞ്ഞു മൂടിക്കിടക്കേണ്ട സ്ഥലത്ത് മഞ്ഞിന്റെ കണികപോലും ഉണ്ടായിരുന്നില്ല. കരടിയുടെ അവസ്ഥ തങ്ങളുടെയെല്ലാം മനസ്സിനെ പിടിച്ചുലച്ചതായും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നെന്നും നിക്ലിന് പറയുന്നു.
ആ ദൃശ്യങ്ങള്‍ തന്റെ മനസ്സിനെ ഇപ്പോഴും മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നതായും വീഡിയോയ്ക്കു നല്കിയ അടിക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.
മഞ്ഞു പ്രദേശങ്ങള്‍ അമിതമായി ഉരുകയും സമുദ്രനിരപ്പില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നതോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും ആദ്യം അനുഭവപ്പെടുന്ന ജീവികളാണ് ധ്രുവക്കരടികള്‍.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കരടികൾക്ക് ഭക്ഷണം ലഭിക്കാറില്ല. ഇത്തരത്തിൽ ഭക്ഷണം കഴിക്കാതെയാണ് കരടികള്‍ ചാവുന്നത്.
ലോകത്തിലെ 19 വ്യത്യസ്ത മേഖലകളിലുള്ള 25,000 ഓളം വരുന്ന ധ്രുവക്കരടികളാണ് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍, കരടിയുടെ ഈ അവസ്ഥയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമോ അതുമൂലമുണ്ടായ ഭക്ഷണ ദൗര്‍ലഭ്യമോ ആണോയെന്ന് ഗവേഷകര്‍ കണ്ടെത്തണമെന്ന് നിക്ലിന് വ്യക്തമാക്കി.