ഇലക്ട്രിക് കാറുകളില്‍ ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുമെന്ന് കണ്ടെത്തല്‍

ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന നിക്കല്‍ അടിസ്ഥാനമാക്കിയുള്ള ബാറ്ററികള്‍ക്ക് പകരം ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കാമെന്ന് ഗവേഷകർ. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ലിഥിയം ബാറ്ററികള്‍ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന മറ്റ് ലോഹ ബാറ്ററികളേക്കാള്‍ സുരക്ഷിതവും ചെലവ് കുറവുമാവുമെന്നാണ് കണ്ടെത്തല്‍. ഭൂരിഭാഗം ഇലക്ട്രിക് കാറുകളിലും നിക്കലും കോബാള്‍ട്ടും അടങ്ങുന്ന ബാറ്ററികളാണ് നിലവിൽ ഉപയോഗിക്കുന്നത്. എന്നാല്‍ നിക്കല്‍ അടിസ്ഥാനമാക്കിയുള്ള ബാറ്ററികള്‍ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ട്. ഇതിന് ചെലവ് കൂടുതലും ഇത്തരം ബാറ്ററികളില്‍ അടങ്ങിയിരിക്കുന്ന കോബാള്‍ട്ട് വിഷമയവുമാണ്.

ഇതിന് പകരമായാണ് ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് (എല്‍എഫ്പി) ബാറ്ററികള്‍ ഗവേഷകര്‍ നിര്‍ദേശിക്കുന്നത്. സാധാരണ നിലയില്‍ നിക്കല്‍ ബാറ്ററികളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍എഫ്പി ബാറ്ററികള്‍ പ്രവര്‍ത്തനക്ഷമതയില്‍ പിന്നിലാണ്. എന്നാല്‍, എല്‍എഫ്പി ബാറ്ററികളുടെ താപനില 60 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തുകയും അതില്‍ തന്നെ തുടരുകയും ചെയ്താല്‍ അത് നിക്കല്‍ ബാറ്ററികളേക്കാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ ചാവോ-യാങ് വാങിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും കണ്ടെത്തല്‍.

നിക്കല്‍ ബാറ്ററികള്‍ക്ക് കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതിനാലാണ് ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ എല്‍എഫ്പി ബാറ്ററികള്‍ക്ക് പകരം നിക്കല്‍ അടിസ്ഥാനമാക്കിയുള്ളവ ഉപയോഗിക്കുന്നത്. ഇതുവഴി കൂടുതല്‍ ദൂരം സഞ്ചരിക്കാനാവും. വാങ് നിര്‍ദേശിച്ച രീതിയിലാണെങ്കില്‍ ബാറ്ററി വെറും 10 മിനിറ്റില്‍ ചൂടാക്കാനാവുമെന്നും ഇത് ബാറ്ററികളുടെ ഊര്‍ജക്ഷമത വര്‍ധിപ്പിക്കുകയും കൂടുതല്‍ ദൂരം സഞ്ചരിക്കാനുമാവും. ഇതുവഴി ചെലവ് കുറയുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവുണ്ടാവാനിടയാക്കും.

Top