കേരളാ ബ്ലാസ്റ്റേഴ്സിനും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനും കനത്ത തിരിച്ചടി സമ്മാനിച്ച് യുവതാരം ജീക്സണ്‍ സിങ്ങിന്റെ പരുക്ക്. തോളിനേറ്റ പരുക്കിനെത്തുടര്‍ന്ന് താരത്തിന് സീസണിന്റെ പകുതിയോളം മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായി. ഒക്ടോബര്‍ എട്ടിന് മുംബൈ സിറ്റി എഫ്സിക്കെതിരേ നടന്ന മത്സരത്തിനിടെയാണ് ജീക്സണ് പരുക്കേറ്റത്. തുടര്‍ന്ന് കളത്തിനു പുറത്തായിരുന്ന താരം നാളെ കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല.
മുംബൈയ്ക്കെതിരായ മത്സരത്തില്‍ ജീക്സണു പുറമേ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ മറ്റൊരു മിന്നും താരം അയ്ബനും പരുക്കേറ്റിരുന്നു. ഗുരുതര പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ അയ്ബന്‍ ഈ സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി.
പരുക്ക് ഗുരുതരമാണെന്നും താരത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്. ”ജീക്സണ്‍ ഉടന്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകുമെന്നാണ് കരുതുന്നത്. എന്തായാലും താരം കുറഞ്ഞത് മൂന്നു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരും”- ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡ്വെന്‍ പറഞ്ഞു.