അബുദാബിയില്‍ കനത്ത മൂടല്‍ മഞ്ഞ്; കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി

അബുദാബി: അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇതുവഴിയുള്ള വിമാന സര്‍വീസുകളെ മഞ്ഞ് പ്രതികൂലമായി ബാധിച്ചു.

കേരളത്തിലെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയെന്ന് അധികൃതര്‍ അറിയിച്ചു.

ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേക്ക് യാത്രയ്‌ക്കൊരുങ്ങിയ പലരുടെയും യാത്ര മൂടല്‍മഞ്ഞ് മൂലം വൈകി. അര്‍ധരാത്രി മുതലാണ് മഞ്ഞ് വിമാന ഗതാഗതത്തെ മോശമായി ബാധിച്ചത്.

അബുദാബി നഗരം, അല്‍ ദഫിറ മേഖലയുടെ പലഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ശക്തമായ മൂടല്‍ മഞ്ഞ്. 500 മീറ്ററിനും ഒരു കിലോമീറ്ററിനും ഇടയില്‍ മാത്രമാണ് കാഴ്ചയുണ്ടായിരുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി, മുംബൈ, ജിദ്ദ, ബഹ്‌റൈന്‍, മസ്‌കത്ത്, കയ്‌റോ, ഇസ്‌ലാമാബാദ്, ധാക്ക, ജക്കാര്‍ത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെല്‍ബണ്‍, സിഡ്‌നി, ലൊസാഞ്ചലസ്, ഡാലസ്, പാരിസ്, ഫുക്കറ്റ്, ആതന്‍സ്, റോം, ഡബ്ലിന്‍, ബെയ്‌റൂട്, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, പൂണെ, ജിദ്ദ, മസ്‌കത്ത്, ബഹ്‌റൈന്‍, കുവൈത്ത്, കയ്‌റോ, ന്യൂഡല്‍ഹി, ബ്രിസ്‌ബെന്‍, ധാക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അബുദാബിയിലേക്ക് വന്ന വിമാനങ്ങളും മണിക്കൂറുകള്‍ വൈകി.

Top