തിരുവനന്തപുരം: കാലവര്‍ഷ കെടുതിയില്‍ മരണം പതിനൊന്നായി. പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരുക്കേറ്റ കുട്ടി മരിച്ചു. ആറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് (8) ആണ് മരിച്ചത്. ഇന്നലെയാണ് മരംവീണ് കുട്ടിക്ക് പരുക്കേറ്റത്. രാവിലെ വൈദ്യുതി ലൈന്‍ തട്ടി തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിരുന്നു. ശാസ്തവട്ടത്ത് ശശിധരന്‍ (75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഒമ്പത് പേര്‍ മരിക്കുകയും 15ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു. തീരദേശത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും അറിയിച്ചിട്ടുണ്ട്. കടലില്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിര ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.