ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തുടങ്ങിയ ബസുകളുടെ മുകളില്‍ കയറിയാണ് ആളുകള്‍ രക്ഷപെട്ടത്. മണ്ടപ്പള്ളി, നന്ദലൂരു, അക്കേപ്പാടു മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്.
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നാടല്ലൂരിനടുത്ത് കുടുങ്ങിയ ബസില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഏഴ് പേരുടെ മൃതദേഹം ഗുണ്ടുലൂരുവില്‍ നിന്നും മൂന്ന് മൃതദേഹം രയവരം മേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. നൂറ് കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.
ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയത്.
തിരുപ്പതി ദര്‍ശനം കഴിഞ്ഞ് ബസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് നിന്നുള്ള പതിനഞ്ചംഗ സംഘം ചിറ്റൂരില്‍ കുടുങ്ങി. ഇവരെ രക്ഷാപ്രവര്‍ത്തക സംഘം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചന്ദ്രഗിരി ടൗണ്‍, മധുര നഗര്‍, നയനഗിരി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ദേശീയ ദുരന്തനിവാരണ സേനയെ തിരുപ്പതിയില്‍ വിന്യസിച്ചു.