പത്തനംതിട്ട: ജില്ലയില്‍ ഉച്ചയ്ക്ക് തുടങ്ങിയ കനത്ത മഴയെ തുടര്‍ന്ന് കോന്നി മുറ്റാക്കുഴിയില്‍ ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടലില്‍ രണ്ട് വീട് തകര്‍ന്നെങ്കിലും ആളപയാമില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വകയാര്‍ മുറ്റാക്കുഴി താന്നിമൂട് ഭാഗത്താണ് വൈകിട്ട് ശക്തമായി പെയ്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലുണ്ടായത്. സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ബസുകളിലെ യാത്രക്കാരാണ് വഴിയില്‍ അകപ്പെട്ടത്.
ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വന്‍മരങ്ങള്‍ കടപുഴകിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനവും താറുമാറായി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.കോട്ടയം മുക്ക് ഭാഗത്തും നിരവധി കടകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തില്‍ അകപ്പെട്ടു. റോഡിന് ഇരുവശങ്ങളിലുമുള്ള ചെറുതോടുകളും നിറഞ്ഞുകവിഞ്ഞു.