ഡല്‍ഹി: കനത്ത മഴയും ട്രാക്കിലെ വെള്ളക്കെട്ടും മൂലം ഉത്തരേന്ത്യയില്‍ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മുന്നൂറിലധികം മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചര്‍ ട്രെയിനുകളുമാണ് ജൂലൈ 15 വരെ റദ്ദാക്കിയത്. കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതാണ് ട്രെയിന്‍ സര്‍വീസുകളെ വലച്ചത്.
ഏതാണ്ട് അറുന്നൂറോളം മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളുടെയും അഞ്ചൂറോളം പാസഞ്ചര്‍ ട്രെയിനുകളുടെയും പ്രവര്‍ത്തനത്തെ പൂര്‍ണമായും ഭാഗികമായും ബാധിച്ചിട്ടുണ്ട്. 100 മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും 190ല്‍ അധികം വഴിതിരിച്ചുവിടുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. അതുപോലെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 54 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കനത്ത മഴയില്‍ മുങ്ങിയ ഡല്‍ഹിയിലെ ചിത്രങ്ങള്‍ കാണാം
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, എന്നിവിടങ്ങളിലെ തോരാത്ത മഴയും മോശം കാലാവസ്ഥയും അംബാല, ഡല്‍ഹി, ഫിറോസ്പുര്‍, മൊറാദാബാദ് ഡിവിഷനുകളിലെ ട്രെയിന്‍ സര്‍വീസുകളെ കാര്യമായി ബാധിച്ചെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനായി എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.
ട്രെയിനുകളുടെ സമയമാറ്റം, റദ്ദാക്കല്‍, വഴിതിരിച്ചുവിടല്‍ എന്നിവ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. യാത്രക്കാര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും പണം തിരികെ നല്‍കുന്നതിനു പ്രത്യേക കൗണ്ടറുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തുറക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുള്ള ഭക്ഷണവിതരണവും ഉയര്‍ത്തി. ബാധിക്കപ്പെട്ട യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി ബസ് സര്‍വീസുകളും ആരംഭിച്ചതായി റിപ്പോര്‍ട്ട്.