വൈകിട്ട് നാലുമണിയ്ക്ക് ശേഷം ചെറുതോണി അണക്കെട്ട് തുറക്കാന്‍ തീരുമാനമായി

ഇടുക്കി: ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് ശേഷം ചെറുതോണി അണക്കെട്ട് തുറക്കാന്‍ തീരുമാനമായി. ഒരു സെക്കന്റില്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളം പുറത്തേയ്ക്ക് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറക്കുക. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാറില്‍ മഴ ശക്തമാവുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 131.4 അടിയായി.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. കോഴിക്കോട് കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

പത്തനംതിട്ട കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ ഡാമുകളും തുറക്കും. പമ്പയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top