തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മണിക്കൂരില്‍ 145 കിലോമീറ്ററും നാളെ 155 കിലോമീറ്റര്‍ വരെയും വേഗം കൈവരിച്ച് വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താല്‍ കേരളത്തില്‍ തിങ്കളും ചൊവ്വയും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി
കേരളം ചുഴലിക്കാറ്റിന്‍റെ പരിധിയില്‍ ഇല്ലെങ്കിലും അതിന്‍റെ സ്വാധീനംമൂലം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തീരത്തു തിരിച്ചെത്തണമെന്ന നിര്‍ദേശവും നേരത്തെ നല്‍കിയിരുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.