Heavy rain fall in thiruvanathapuram

തിരുവനന്തപുരം: ഇടതടവില്ലാതെ പെയ്യുന്ന ശക്തമായ മഴയിലും കടലാക്രമണത്തിലും തലസ്ഥാനത്ത് വ്യാപക നാശം. കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി.

ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി അനുഭവപ്പെട്ട ശക്തമായ കാറ്റില്‍ അമ്പതിലധികം സ്ഥലത്ത് മരങ്ങള്‍ കടപുഴകി. ആറ്റിങ്ങലില്‍ ഇന്നലെ രാത്രി ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

ആറ്റിങ്ങല്‍ ഗ്രാമം അഗ്രഹാരത്തില്‍ പള്ളിമുത്തുവെന്ന വൃദ്ധയുടെ വീടാണ് തകര്‍ന്നത്. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന വീട്ടില്‍ നിന്ന് ഇവരെ പുറത്തെടുത്ത് അയല്‍വീട്ടിലേക്ക് മാറ്റി.

മുട്ടത്തറ, വഞ്ചിയൂര്‍, ചാക്ക, കരിക്കകം,ചാലക്കുഴി, മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി.

മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റലിന് സമീപത്തെ മരം കടപുഴകി വാഹനങ്ങള്‍ക്ക് മീതെ പതിച്ചെങ്കിലും വലിയതോതിലുള്ള നാശനഷ്ടമോ ആളപായമോ ഉണ്ടായില്ല.

ഇന്നുരാവിലെ ശാസ്തവട്ടത്ത് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന് മരം കടപുഴകിവീണ് ശാസ്തവട്ടം സ്വദേശി സാംബശിവന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയുടെ തീരമേഖലയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കടലാക്രമണം ശക്തമായത് തീരദേശവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബീമാപ്പള്ളി, പൂന്തുറ, വലിയതുറ, തിരുവല്ലം, പനത്തുറ എന്നിവിടങ്ങളില്‍ ശക്തമായ കടലാക്രമണത്തില്‍ തീരപ്രദേശം കടല്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ രാത്രി വേളി പൊഴിയുടെ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രി പൊഴിമുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി.

ഇപ്പോഴത്തെ നിലയില്‍ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കടലാക്രമണവും കാറ്റും ശക്തമായ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അഭ്യര്‍ത്ഥിച്ചു.

Top