സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി

shylaja-kk

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

മഴയെത്തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്ന പശ്ചാത്തലത്തില്‍ ചെറുതോണി, തടിയമ്പാട്, ചേലച്ചുവട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. കീരിത്തോട്, ചപ്പാത്ത്, ചെറുതോണി എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. വെള്ളം ഒഴുകാന്‍ സാധ്യതയുള്ള 5 പഞ്ചായത്തുകളിലും വേണ്ടത്ര മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

Top