അസമില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 14 മരണം . . .

assam

ഗുവാഹത്തി: അസമില്‍ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലുംപെട്ട് 14 മരണം. അസമിലെ ഹൈലാക്കണ്ടി, ഹൊജായ് ജില്ലകളിലാണ് മഴ നാശം വിതച്ചത്. കഴിഞ്ഞ ആഴ്ച അസമിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ വന്‍ നാശം വരുത്തി വച്ചിരുന്നു.

വിവിധ സ്ഥലങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഒരു ലക്ഷത്തോളം ആളുകളെ താത്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ദുരിത ബാധിതര്‍ക്ക് കേന്ദ്രം എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

assam-rainfall

നാഗോണ്‍, ഗോലാഘട്ട്, കചാര്‍, ഹൈലാക്കണ്ടി, കരിംഗഞ്ച് എന്നീ ജില്ലകളിലായി അഞ്ചു ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് കരിംഗഞ്ചിലാണ്. കുഷിയാര, ബരാക്, ലോംഗായ് നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

തിങ്കളാഴ്ച ത്രിപുരയിലെ കൈലാഷഹര്‍, അസമിലെ ഹൈലാക്കണ്ടി തുടങ്ങി വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളില്‍ എണ്ണായിരം കിലോയിലേറെ ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ത്യന്‍ വ്യോമസേന എത്തിച്ചു നല്‍കിയിരുന്നു. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് മണിക്കൂറില്‍ നാലു മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെ ഉയരുന്നതായും അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ അപകടകരമായ നിലയിലേക്ക് എത്തുമെന്നും കേന്ദ്ര ജല കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top