കനത്ത മഴയിൽ മുങ്ങി ബ്രിട്ടൻ; ചില പ്രദേശങ്ങളിൽ പ്രളയഭീഷണി

ലണ്ടൻ : ബ്രിട്ടനിൽ മഴ തുടരുകയാണ്. ഒപ്പം പ്രളയ ഭീഷണിയും. ശക്തമായ മഴയിലൂടെയാണ് സെപ്റ്റംബർ മാസം കടന്നു പോകുന്നത്. കഴിഞ്ഞ ഞായർ രാവിലെ മുതലാണ് ബ്രിട്ടനിലെ പല പ്രദേശങ്ങളിലും മഴ പെയ്തു തുടങ്ങിയത്. അറ്റ്ലാന്റിക് ശരത്കാലത്തിന്റെ വരവ് അറിയിക്കുന്നതാണ് ഇപ്പോഴത്തെ മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എക്‌സീറ്ററിലെ മെറ്റ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ വ്യാപകമായ തടസ്സങ്ങളും ആഘാതങ്ങളും സൃഷ്ടിച്ച കാലാവസ്ഥാ സാഹചര്യങ്ങളായിരുന്നു ബ്രിട്ടനിൽ മിക്ക പ്രദേശങ്ങളിലും ഉണ്ടായതെന്ന് മെറ്റ് ഓഫീസ് അധികൃതർ പറഞ്ഞു.

വാരാന്ത്യത്തിലെ ശക്തമായ ഇടിമിന്നലും കനത്ത മഴയും ചിലയിടങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി. എക്‌സീറ്റർ എയർപോർട്ടിൽ പ്രളയ ഭീഷണി ഉണ്ടായതിനാൽ മണിക്കൂറുകളോളം അടച്ചിട്ടുവെങ്കിലും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്നും നാളെയും ബ്രിട്ടന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മിക്കയിടങ്ങളിലും മഴയും കാറ്റും വ്യാപിക്കുമെന്നാണ് മെറ്റ് ഓഫീസ് അറിയിച്ചിട്ടുള്ളത്. വെയിൽസിന്റെയും വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും ഭാഗങ്ങളിൽ ഏറ്റവും കനത്തതും സ്ഥിരതയുള്ളതുമുള്ള മഴയ്ക്കാണ് സാധ്യത. യെല്ലോ അലർട്ട് പ്രാബല്യത്തിൽ വന്നതിനാൽ ഇവിടങ്ങളിൽ പ്രളയ ഭീഷണി നിലനിൽക്കുന്നുണ്ട്. വടക്ക് പറ്റിഞ്ഞാറന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ വെയ്ല്‍സ്, തെക്കന്‍ വെയ്ല്‍സ് എന്നിവിടങ്ങളെയാകും കൂടുതലായി ബാധിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ ബ്രിട്ടനിൽ കനത്ത മഴയും ഇടിമിന്നലുമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഫോർകാസ്റ്ററായ ഡേവിഡ് ഒലിവർ പറഞ്ഞു. ആഴ്ചയുടെ അവസാനത്തിൽ കൂടുതൽ ഇടിമിന്നലുള്ള മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുവെങ്കിലും പ്രാദേശിക സ്വാധീനങ്ങൾ പ്രതീക്ഷിക്കണമെന്ന് ഡേവിഡ് ഒലിവർ കൂട്ടിച്ചേർത്തു.

തുടര്‍ച്ചയായി 2 മുതല്‍ 4 ഇഞ്ച് വരെ മഴ പെയ്‌തേക്കാമെന്നാണ് മെറ്റ് ഓഫീസ് അധികൃതർ പറയുന്നത്. ചിലയിടങ്ങളില്‍ ഇത് 5.9 ഇഞ്ച് മുതല്‍ 7.9 ഇഞ്ച് വരെയും ആകാം. ഇന്ന് രാവിലെ 6 മണി മുതല്‍ നാളെ വൈകിട്ട് 6 മണിവരെയാണ് മുന്നറിയിപ്പ്. മഴയുടെ വരവ് ബ്രിട്ടനിലെ പല പ്രദേശങ്ങളെയും ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. വടക്ക് കിഴക്കന്‍ അമേരിക്കയിലും കാനഡയിലും മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ലീ കൊടുങ്കാറ്റിന്റെ തുടർച്ച ഒരുപക്ഷെ ബ്രിട്ടനിൽ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

വ്യാഴാഴ്ച വരെ മണിക്കൂറില്‍ 45 മൈല്‍ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Top