മിഗ്ജൗമ്; ചെന്നൈയില്‍ കനത്ത മഴ, 33 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു, മഴക്കെടുതിയില്‍ ഇതുവരെ 5 മരണം

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചു. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്.

Top