കനത്ത മഴ ; കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തെ വീടുകൾ വെള്ളത്തിൽ

മട്ടന്നൂര്‍: മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപത്തെ വീടുകൾ വെള്ളത്തിലായി.

കിണറുകള്‍ ചെളികയറി ഉപയോഗശൂന്യമാകുകയും , വ്യാപകമായി കൃഷിനാശം ഉണ്ടാകുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് കല്ലേരിക്കര, കാര, കാര-പേരാവൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയത്.

ഓവുചാല്‍ കവിഞ്ഞ് കുത്തിയൊഴുകിയ വെള്ളമാണ് വീടുകളിലും കൃഷിസ്ഥലങ്ങളിലുമെത്തിയത്.

അതേസമയം, കല്ലേരിക്കര ഒഴക്കരി മോലോം ക്ഷേത്രത്തിന് സമീപത്ത് വെള്ളം ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിവിട്ടതായി നാട്ടുകാര്‍ ആരോപിച്ചു.

വിമാനത്താവള പദ്ധതിപ്രദേശത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാന്‍ ലക്ഷങ്ങള്‍ ഉപയോഗിച്ച് ഓവുചാലും തോടുകളും നിര്‍മിച്ചിരുന്നു.

എല്‍ ആന്‍ഡ് ടി തൊഴിലാളികളെത്തി മൂടിയ ഓവുചാലുകള്‍ ശുചീകരിച്ചു.

വെള്ളം കയറിയ വീടുകള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാവേണു സന്ദര്‍ശിച്ചു.

Top