തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും കനത്ത മഴ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലേയും കര്‍ണാടകത്തിലെ തീരദേശ പ്രദേശങ്ങളിലേയും ചിലയിടങ്ങളില്‍ കനത്ത മഴ ഇന്നുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശ്, അസ്സം, മേഘാലയ, പശ്ചിമ ബംഗാള്‍, സിക്കിം, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
മാത്രമല്ല, മുംബൈ, അഹമ്മദാബാദ്, ബുല്‍ധാന, അമരാവതി, ഗോണ്ടിയ, കട്ടക്, മിഡ്നാപ്പൂര്‍ എന്നിവിടങ്ങളിലും മഴ തുടരും. ബിഹാര്‍, കിഴക്കന്‍ യുപി, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വന്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. രാജസ്ഥാനിലെ ചിലയിടങ്ങളില്‍ കനത്ത പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയാണ് അസ്സാം, മേഘാലയ, മിസോറാം, മണിപ്പൂര്‍, ത്രിപുര തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായത്. ജമ്മുവിലും ഉത്തരാഖണ്ഡിലും കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത ഇടിമിന്നലുമുണ്ടായിട്ടുണ്ട്.