തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴ. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച കാലത്തും തുടരുകയാണ്. തിരുവനന്തപുരം ജില്ലയിലും ശബരിമലയിലുമാണ് മഴ ഏറ്റവും ശക്തം.
തിരുവനന്തപുരം നഗരത്തിലെ പല സ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ വെള്ളക്കെട്ടായി. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ശബരിമല സന്നിധാനത്തും പമ്പയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. പമ്പ ത്രിവേണിയില്‍ നദീതീരത്ത് പാര്‍ക്ക് ചെയ്തിരുന്ന അയ്യപ്പന്മാരുടെ രണ്ട് വാഹനങ്ങള്‍ ഒഴുകിപ്പോയി. ഒരു കാര്‍ ത്രിവേണി പാലത്തില്‍ തങ്ങി നിന്നു. മറ്റൊന്ന് മരത്തിലും. നൂറോളം വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.
പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് പടിക്കെട്ട് കടന്ന് 35 മീറ്റര്‍ അകലെയുള്ള നടപ്പന്തല്‍ വരെയെത്തി. തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുമായി പമ്പയിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞു തുടങ്ങി. മഴ മാറിയശേഷമേ തീര്‍ത്ഥാടകരെ പമ്പയിലേയ്ക്ക് കടത്തി വിടുകയുളളുവെന്ന് പൊലീസ് അറിയിച്ചു. പമ്പയിലേയക്ക് വരുന്ന വാഹനങ്ങള്‍ പത്തനംതിട്ട നഗരത്തിലും എരുമേലിയിലും നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.