സൗദിയില്‍ കനത്ത മഴ; പടിഞ്ഞാറന്‍ മേഖലയിലെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി, ക്ലാസുകള്‍ ഓണ്‍ലൈനായി

നത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവടങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.

പകരം ഓണ്‍ലൈനായി ‘മദ്റസത്തി’ ആപ്പ് വഴി ക്ലാസുകള്‍ നടക്കും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മക്ക, ജിദ്ദ എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജിദ്ദ യൂനിവേഴ്സിറ്റിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയും നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഡിസ്റ്റന്‍സ് രീതിയില്‍ ക്ലാസ് നടക്കുമെന്ന് സര്‍വകലാശാലകള്‍ അറിയിച്ചു. ജുമൂം, ബഹ്റ, അല്‍കാമില്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുന്‍ഫുദയിലെ സ്‌കൂളുകള്‍ക്ക് ഖുന്‍ഫുദ വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു.

Top