യുഎഇയില്‍ കനത്ത മഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

അബുദാബി: യുഎഇയില്‍ മഴ തുടരുന്നതിനാല്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. താമസക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. അന്തരീക്ഷ താപനില അബുദാബിയിലും ദുബൈയിലും 25 ഡിഗ്രി സെല്‍ഷ്യസ്, 32 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലായിരിക്കും. ഇന്ന് അബുദാബിയിലും ദുബൈയിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

മഴ തുടരുന്ന പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ മാറി വരുന്ന വേഗപരിധികള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തീരപ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും ചൊവ്വാഴ്ച കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ അന്തരീക്ഷ ഈര്‍പ്പം കൂടുതലാകാനും മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം.

Top