രാത്രി മഴ ശക്തമാകാൻ സാധ്യത; യെല്ലോ അലർട്ട് 6 ജില്ലകളിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രാത്രി തെക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും അടുത്ത 3 മണിക്കൂറിൽ മറ്റ് എല്ലാ ജില്ലകളിലും മിതമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപ് 3 ഇടങ്ങളിൽ മാത്രമായിരുന്നു യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതോടെയാണ് കാലവർഷം കനക്കുന്നത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നാളെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലും 27 ാം തിയതി ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Top