തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്താന്‍ പൊലീസിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് ജാഗ്രത നിര്‍ദേശം നല്‍കികൊണ്ടാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും അറിയിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് മംഗല ഡാം, കോഴിക്കോട് കക്കയം ഡാം, തിരുവനന്തപുരം നെയ്യാര്‍ ഡാം എന്നിവയാണ് തുറന്നുവിടാന്‍ സാധ്യതയെന്ന് അറിയിച്ചു. അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ദുരന്തബാധിത ജില്ലകളിലെ കലക്ടര്‍മാര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേന എത്തും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പു മന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
കോഴിക്കോട് വയനാട് ദേശീയ പാതയില്‍ പുനൂര്‍ പുഴ കര കവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റോഡ് താറുമാറായതോടെ കോഴിക്കോട് – വയനാട് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.