ന്യൂഡല്‍ഹി: കാലവര്‍ഷ കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍.
സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ കാലവര്‍ഷ കെടുതിയെ കുറിച്ച് ലോകസഭയില്‍ സംസാരിച്ചപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.
സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ലോകസഭയില്‍ അറിയിച്ചത്. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാമെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ധന സഹായ വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍.