തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത. അതി ജാഗ്രത വേണമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ നാളെ അതിതീവ്ര മഴയുണ്ടാകും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ചയോടെ ഇത് ‘ടൗട്ടേ’ ചുഴലിക്കാറ്റാകും.
മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത കനത്തമഴയില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കടലാക്രമണവും നടന്നു. അടിയന്തര സാഹചര്യം നേരിടാന്‍ എന്‍ഡിആര്‍എഫ് ടീം കേരളത്തിലെത്തും. അടിയന്തര സാഹചര്യം നേരിടാന്‍ രണ്ട് എന്‍ഡിആര്‍എഫ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതല്‍ ശക്തമായ മഴയുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.