തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്.
മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമർദം ചക്രവാതച്ചുഴിയായി മാറിയതും മൺസൂൺ പാത്തി വടക്കുവശത്തേക്ക് നീങ്ങാൻ തുടങ്ങിയതുമാണ് കേരളത്തിൽ മഴ ലഭിക്കാൻ കാരണം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനം വിലക്കിയിട്ടില്ലെങ്കിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
നാളെ സംസ്ഥാനത്ത് അഞ്ച് ജില്ലകൾക്കാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ നാളെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.