സംസ്ഥാനത്ത് ഓണദിനങ്ങളിലും മഴ തുടരാന്‍ സാധ്യത;ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണദിനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.

സംസ്ഥാനത്ത് വീണ്ടും മണ്‍സൂണ്‍ ശക്തിപ്രാപിക്കുകയാണ്. ഒഡീഷ തീരത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് പ്രധാന കാരണമായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും. അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ആറ് ഇഞ്ച് വീതം ഉയര്‍ത്തി. രാവിലെ പത്തുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. തുടര്‍ന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യതയുണ്ട്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ നെയ്യാറിന്റെ തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഇന്ന് 50 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. കരമനയാറിന് തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയില്‍ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Top