ന്യൂഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങളില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളിലും ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും വരുന്നത്.
ജമ്മു കശ്മീര്‍, തമിഴ്‌നാട്, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലും വെള്ളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ഛത്തീസ്ഗഡ്, ഒഡിഷ, അസം, മേഘാലയ, ഗുജറാത്ത്, മഹാരാഷ്ട്ര, സീമാന്ധ്ര, കര്‍ണാടക,എന്നിവിടങ്ങളില്‍ വ്യാഴാഴ്ച അതിശക്തമായ മഴ പെയ്‌തേക്കും. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 17 ദിവസം മുന്‍പേ രാജ്യത്ത് മണ്‍സൂണ്‍ എത്തിയെന്ന് കഴിഞ്ഞയാഴ്ച കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.