ഇടുക്കി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സര്‍ക്കാര്‍ സൂക്ഷ്മമായി ഇടുക്കിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട ഒരു അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും എംഎം മണി പറഞ്ഞു. മഴക്കെടുതി നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കനത്ത നഷ്ടമാണ് പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് ഉണ്ടായത്. മലപ്പുറത്തെ ഒരു പവര്‍ ഹൗസ് തന്നെ ഒലിച്ചു പോയിരിക്കുകയാണ്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും നഷ്ടം പിന്നീട് കണക്കുകൂട്ടുമെന്നും എം എം മണി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ യോഗം ആരംഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ അടക്കമുള്ള ഉന്നത ഉഗ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്തമഴയാണ് പെയ്യുന്നത്. മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ അതി തീവ്രമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ മഴയില്‍ ശമനമുണ്ടാകില്ല. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്. ഈ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി ഇതുവരെ കുറഞ്ഞിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 6 പേര്‍ മരിച്ചു. മൂന്നാറടക്കം പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.